കൊച്ചി: ജയിച്ചാൽ പ്ലേ ഓഫ്, തോറ്റാൽ വീണ്ടും പ്ലേഓഫിന് വേണ്ടിയുള്ള കാത്തിരിപ്പ്. കൊച്ചിയിൽ മോഹൻ ബഗാനെതിരെ ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് വിജയത്തിൽ കുറഞ്ഞതൊന്നും ആലോചനയിലില്ല. സാൾട്ട് ലേക്കിൽ നേടിയ ഒറ്റ ഗോൾ വിജയം ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നാൽ തുടർ തോൽവികളിൽ കാലിടറിയ മഞ്ഞപ്പടക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനും ഇന്നത്തെ ജയം അനിവാര്യമാണ്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
ആക്രമണ ശൈലിക്ക് പേര് കേട്ട ബഗാനെതിരെ കേരളവും പ്രത്യാക്രമണമാണ് മനസ്സിൽ കരുതി വെച്ചിരിക്കുന്നത്. പ്രതിരോധത്തിലെ വിള്ളലുകൾ തിരിച്ചടിയാകുന്നതിനാൽ മുൻ ബഗാൻ നായകനായ പ്രീതം കോട്ടാൽ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. മുന്നേറ്റ നിരയിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും മധ്യനിരയിൽ ചെറിയ മാറ്റങ്ങൾക്ക് ഇവാൻ വുക്കമനോവിച്ച് മുതിർന്നേക്കും.
നിലവിൽ 17 മത്സരങ്ങളിൽ നിന്നായി 29 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമായുള്ളത്. പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ വെല്ലുവിളി ഇല്ലെങ്കിലും പ്രകടനം മോശമാകുന്നത് തിരിച്ചടിയാണ്. 10 ഗോളുമായി ഗോൾ വേട്ടയിൽ രണ്ടാമതുള്ള ദിമിത്രിയോസ് ഡയമന്റകോസിലാണ് ടീമിന്റെ പ്രതീക്ഷ.