കോഴിക്കോട് : അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റി വച്ചു.
ഭൗതിക ശരീരം കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിൽ പൊതുദർശനത്തിനു വച്ചു. അന്തിമോപചാരമർപ്പിക്കാൻ സാസ്കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ ലോകത്തെ പ്രമുഖരുടെ നിര തന്നെ എത്തുന്നുണ്ട്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. അദ്ദേഹത്തിന് 91 വയസായിരുന്നു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എംടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവാണ്. രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന് പുരസ്കാരം, ജെസി ഡാനിയല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം എന്നിവയും കേരള നിയമസഭ പുരസ്കാവും ലഭിച്ചു.
ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പില്ക്കാലത്ത് ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നി കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണിനു തിരക്കഥയെഴുതി എം ടി ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കായിരുന്നു ദേശീയപുരസ്കാരം. കൃതികള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
‘കാലം'(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം’ (1985-വയലാര്‍ അവാര്‍ഡ്),വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നിവ ഏറെ ശ്രദ്ധേയമായ കൃതികളാണ്. അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, വാരാണസി എന്നിവയാണ് മറ്റു നോവലുകള്‍.
മലയാളസാഹിത്യത്തിനു നല്കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ് ബിരുദം നല്കി. 1995ലാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. 2005-ല്‍ രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്കി.
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിളയുടെ കഥാകാരന് എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിയെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന് നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പം ചെലവഴിച്ചത്. കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്കൂളിലും കുമരനെല്ലൂര്‍ ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം 1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്കൂളിലും പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്കൂളിലും അധ്യാപകനായി. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു.