തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ലോക് സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. തദ്ദേശ വാര്‍ഡ് വിഭജന ബില്ല് സമ്മേളനത്തിൻ്റെ ആദ്യ ദിനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.അതേസമയം ആദ്യ ദിനം ബാർകോഴ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.
ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസത്തില്‍ സഭയിലെത്തുന്ന പ്രതിപക്ഷത്തെ ഭരണപക്ഷം എങ്ങനെ നേരിടും എന്നതാണ് ഉറ്റുനോക്കുന്നത്. ബാര്‍ക്കോഴ വിവാദം മുതല്‍ സിഎംആര്‍എല്‍ മാസപ്പടി വരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
ഇന്ന് മുതല്‍ 28 ദിവസം നീളുന്ന സഭാ സമ്മേളനം ജൂലൈ 25നാണ് അവസാനിക്കുക.മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവും സാമൂഹ്യ ക്ഷേമ പെന്ഷന് മുടങ്ങിയതും സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയ പിഴവുകളടക്കം സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. സഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് നീക്കം. ബാര്‍കോഴ വിവാദത്തില്‍ 11ന് യൂത്ത് കോണ്‍ഗ്രസും 12ന് യുഡിഎഫും നിയമസഭയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം സഭയിലെത്തിക്കും.
അതേസമയം ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിയാകും സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കുക.രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നു വര്‍ഷക്കാലം നടപ്പിലാക്കിയ പദ്ധതികളിലാണ് ഭരണപക്ഷത്തിൻ്റെ പ്രതീക്ഷ.കഴിഞ്ഞ ദിവസം സർക്കാറിൻ്റെ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും പുറത്തിറക്കിയിരുന്നു.എന്തായാലും നിരവധി പ്രധാന വിഷയങ്ങൾ സഭയിൽ എത്തുമെന്നതിനാൽ ഭരണ പ്രതിപക്ഷ പോരിന് ഇത്തവണയും സമ്മേളനം സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
ഗവര്‍ണര്‍ മടക്കിയ തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ബില്ലായി ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്ണനും ഷാഫി പറമ്പിലും സമ്മേളനത്തിൻ്റെ ആദ്യ ദിവസങ്ങളില്‍ സഭയിലെത്തും.17 വരെ ഇരുവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം. 13 മുതല്‍ 15 വരെ ലോകകേരളസഭയ്ക്കും നിയമസഭ വേദിയാകും.ജൂലായ് 25നാണ് സഭ സമ്മേളനം അവസാനിക്കുക സ്പീക്കർ അറിയിച്ചു. ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ നിയമസഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായും സ്പീക്കര്‍ എഎൻ ഷംസീര്‍ അറിയിച്ചിരുന്നു.