തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞുനിൽക്കുന്നതിനിടെ, 12 ദിവസം നീളുന്ന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 24 വരെയാണ് സഭാ സമ്മേളനം. 1970 മുതല്‍ 53 വര്‍ഷം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യമില്ലാതെ ചേരുന്ന ആദ്യ നിയമസഭാ സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന് എന്നിവർക്കുള്ള ചരമോപചാരത്തോടെ നിയമസഭാ സമ്മേളനം ഇന്ന് രാവിലെ ഒന്‍പതിന് ആരംഭിക്കും. ഇതിനുശേഷം ഇരുവരോടുമുള്ള ആദരസൂചകമായി, മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിയും.
ചൊവ്വാഴ്ച മുതല്‍ നിയമസഭ സങ്കീര്‍ണമാകും. മിത്ത് പരാമർശം, മൈക്ക് വിവാദം, എഐ കാമറ ആരോപണം, വിലക്കയറ്റം, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, സ്ത്രീസുരക്ഷ, സർട്ടിഫിക്കറ്റ് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ശ്രമിക്കും. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള രണ്ടു ബില്ലുകള്‍ ചൊവ്വാഴ്ച സഭയുടെ പരിഗണനയ്ക്ക് വരും. ആരോഗ്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേയുള്ള അതിക്രമം തടയുന്നതിനുള്ള കേരള ആരോഗ്യ സംരക്ഷണ ഭേദഗതി ബില്‍, കേരള നികുതി(ഭേദഗതി) ബില്‍ എന്നിവയാണ് പരിഗണിക്കുക.