തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിനെതിരായ പ്രമേയം നിയമസഭ പാസാക്കി. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രമേയം അവതരിപ്പിച്ചത്.
ഫെഡറല്‍ സംവിധാനങ്ങളില്‍ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാനത്തിന് പരമാധികാരമുണ്ട്. സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി കാണുന്ന ജനാധിപത്യവിരുദ്ധ സമീപനം കേന്ദ്രം ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. ആകെ ചെലവിന്റെ 25 ശതമാനവും പലിശയായാണ് കേന്ദ്രം നല്‍കുന്നത്. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകള്‍ തടഞ്ഞ് വയ്ക്കുകയും ചെയ്യുന്ന സമീപനത്തില്‍നിന്ന് കേന്ദ്രം പിന്മാറണമെന്നും പ്രമേയത്തില്‍ പറയുന്നു.
അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിലും മന്ത്രി വിമര്‍ശനമുന്നയിച്ചു. ഒറ്റക്കെട്ടായിട്ടാണ് പ്രമേയം പാസാക്കേണ്ടിയിരുന്നത്. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പ്രമേയ അവതരണത്തിനിടെ പറഞ്ഞു.