തിരുവനന്തപുരം: മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താനായി റിട്ടേഡ് മേജർ ജനറൽ ഇന്ദ്രബാലൻ്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. എന്‍ഡിആര്‍എഫിന്റെ 3 ടീമുകളുണ്ട്. മദ്രാസ് റെജിമെന്റ്, ഡിഫെന്‍സ് സര്‍വീസ് കോപ്സ് എന്നിവര്‍ ഡിങ്കി ബോട്ട്സും വടവും ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നു. ലോക്കല്‍ പോലീസിന്റെ 350 പേര് സ്ഥലത്തുണ്ട്.
കേരള പോലീസിന്റെ കഡാവര്‍ നായകള്‍, ഹൈ ആള്‍ട്ടിട്ടിയൂട് ടീം, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവയും ഉണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എ.എല്‍.എച്ച്, എം ഐ-7 ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ താലൂക്ക് തല കണ്ട്രോള് റൂം തുടങ്ങി. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ്ചെയ്തു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. വനംവകുപ്പിന്റെ 55 അംഗങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വ്വസജ്ജമായി ചൂരല്‍മലയിലുണ്ട്.
മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയില്‍ 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്നിക്കില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താല്‍ക്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കൂടുതല്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്തി. ഓരോ അര മണിക്കൂര്‍ ഇടവിട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കണ്ടെത്താനെത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയില്‍ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.
എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്ട്രോള് റൂം പ്രവര്‍ത്തനം 24 മണിക്കൂറാക്കി. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സര്‍ജറി, ഓര്‍ത്തോപീടിക്സ്, കാര്‍ഡിയോളജി, സൈക്കാട്രി, ഫോറെന്‍സിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘത്തെയും നിയോഗിച്ചു.