തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് കാട്ടി കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. വായ്പ പരിധി വെട്ടി കുറച്ചതിൽ ഇടപെടണം എന്നും ആവശ്യം. ഭരണഘടനയുടെ 131 ആം അനുച്ഛേദപ്രകാരമാണ് ഹരജി.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന ആരോപണം കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ സർക്കാർ ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് കുറിച്ചുള്ള ആലോചനകളും നേരത്തെ തന്നെ തുടങ്ങിയിരുന്നു. സുപ്രിം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണം എന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറക്കുന്നു. കേന്ദ്രസർക്കാരിന് കടമെടുപ്പ് പരിധി ഇല്ലാതിരിക്കാൻ സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടികളാണ് സ്വീകരിക്കുന്നത്. കിഫ്ബി വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെയും സർക്കാർ ഹരജിയിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.
അടിയന്തരമായി 26000 കോടി രൂപ സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഹരജിയിൽ പറയുന്നുണ്ട്. കൂടാതെ, കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രിംകോടതിക്ക് ഇടപെടാമെന്ന ഭരണഘടനയുടെ 131 ആം അനുച്ഛേദപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ നടപടി