ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരള സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി പി രാമകൃഷ്ണൻ എംഎൽഎയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷിചേർത്തുകൊണ്ടുള്ളതാണ് ഹർജി. രാഷ്ട്രപതിയുടേത് ഭരണഘടനയിലെ 14, 200, 201 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏഴ് ബില്ലുകളാണ് കേരളത്തിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതിൽ ലോകായുക്ത ബില്ലിന് അംഗീകാരം ലഭിച്ചു. എന്നാൽ, ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ, വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടനാമാറ്റം എന്നീ മൂന്ന് ബില്ലുകൾ രാഷ്ട്രപതി തിരിച്ചയക്കുകയും ചെയ്തു. എന്നാൽ, മറ്റ് മൂന്ന് ബില്ലുകളിൽ തീരുമാനമെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.