തിരുവനന്തപുരം : രാജ്യം പൊതുമേഖലയെ വിറ്റഴിക്കുന്ന നയങ്ങള്‍ ശക്തമാക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചും ശക്തിപ്പെടുത്തിയുമാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള 51 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭം രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്ന് 27 ആയി വര്‍ധിച്ചുവെന്ന് മന്ത്രി അറിയിച്ചു.
വാര്‍ഷിക വ്യവസായ സര്‍വ്വേ പ്രകാരം 2016നും 2024നും ഇടയില്‍ മറ്റ് പ്രധാന സംസ്ഥാനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തനെ കുറഞ്ഞപ്പോള്‍ കേരളത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ 2016-ല്‍ 170 ഫാക്ടറികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്, ലയനങ്ങള്‍ ഉള്‍പ്പെടെ നടന്നതിനുശേഷവും 2024-ല്‍ 163 യൂണിറ്റുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു. കര്‍ണാടകയില്‍ പൊതുമേഖലാ ഫാക്ടറികളുടെ എണ്ണം 151-ല്‍ നിന്ന് 74 ആയി ഇടിഞ്ഞു. ഉത്തര്‍പ്രദേശില്‍ 117-ല്‍ നിന്ന് 45 ആയി കുറഞ്ഞു. ഗുജറാത്തില്‍ 406-ല്‍ നിന്ന് 139 ആയും മഹാരാഷ്ട്രയില്‍ 343-ല്‍ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകള്‍ വെട്ടിക്കുറച്ചു.
മൊത്തം സാമ്പത്തിക മൂല്യവര്‍ദ്ധനവിന്റെ കാര്യത്തില്‍ രാജ്യത്തെ ആകെ വിഹിതത്തിന്റെ 11.3 ശതമാനം കേരളം സംഭാവന ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 15.6 ശതമാനം സഞ്ചിത നാമമാത്ര ജിവിഎ വളര്‍ച്ചയോടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമായി മാറി. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വന്‍കിട സംസ്ഥാനങ്ങള്‍ ഈ കാലയളവില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം.
2016-ല്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5,756 കോടി രൂപയുടെ മൂല്യവര്ദ്ധനവാണുണ്ടായിരുന്നതെങ്കില് 2024-ല്‍ അത് 17,801 കോടി രൂപയായി കുതിച്ചുയര്‍ന്നു. അതായത് 15.2 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച കേരളം കൈവരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.