തിരുവനന്തപുരം: തമിഴ്നാട് സർക്കാരിൽനിന്ന് 1076 കോടിയുടെ മെഗാ ഓർഡർ സ്വന്തമാക്കി വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കെൽട്രോൺ. തമിഴ്നാട് ടെക്സ്റ്റ് ബുക്ക് ആൻഡ് എഡ്യൂക്കേഷണൽ സർവീസ് കോർപറേഷന്റെ മൂന്നു മത്സരാധിഷ്ഠിത ടെൻഡറുകളിൽ പങ്കെടുത്താണ് ഓർഡർ സ്വന്തമാക്കിയത്. കെൽട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുക.
7985 സ്കൂളിൽ 8209 ഹൈടെക് ഐടി ലാബും അവയുടെ ഏകോപനത്തിനുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണിയും അടക്കം നിർവഹിക്കുന്നതിന് 519 കോടിയുടേതാണ് ഒരു ഓർഡർ. വിവിധ സ്കൂളുകളിൽ 22,931 സ്മാർട്ട് ക്ലാസ് റൂം സ്ഥാപിച്ച് പരിപാലിക്കുന്നതിനാണ് 455 കോടിയുടെ രണ്ടാമത്തെ ഓർഡർ. പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്ക് 79,723 ടാബ്ലറ്റ് കംപ്യൂട്ടർ നൽകാനുള്ള 101 കോടിയുടേതാണ് മൂന്നാമത്തെ ഓർഡർ. ഡെസ്ക് ടോപ് കംപ്യൂട്ടർ, വെബ് കാമറ, ഇൻഡോർ ഐപി കാമറ, അഞ്ച് കെവിഎ യുപിഎസ്, ഇന്റർനെറ്റ് റൂട്ടർ, നെറ്റ്വർക്ക് കണക്ടിവിറ്റി എന്നിവ ഉൾപ്പെടുന്നതാണ് ഹൈടെക് ലാബുകൾ. ഇവയുടെ ഏകോപനം കമാൻഡ് ആൻഡ് കൺട്രോൾ സെന്റർവഴിയാണ് നിർവഹിക്കുന്നത്. ഇതിന്റെ അഞ്ചു വർഷത്തേക്കുള്ള ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണിയും കെൽട്രോൺ നിർവഹിക്കും.
ലാപ്ടോപ് കംപ്യൂട്ടർ, പ്രൊജക്ടർ, യുഎസ്ബി മൾട്ടിമീഡിയ സ്പീക്കറുകൾ, ഇന്ററാക്ടീവ് വൈറ്റ് ബോർഡ് എന്നിവ സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. ക്ലാസ് റൂമുകളുടെ അഞ്ചുവർഷത്തെ ഓൺസൈറ്റ് വാറന്റി സേവനവും കെൽട്രോൺ നൽകും. കേരളത്തിലെ സ്കൂളുകളിൽ സ്മാർട്ട് റൂമുകൾ സജ്ജീകരിക്കുന്നത് കെൽട്രോണാണ്. ഈ വർഷം ഒഡിഷയിൽ സ്മാർട്ട് ക്ലാസ് റൂം സ്ഥാപിക്കാൻ 168 കോടിയുടെ ഓർഡറും കെൽട്രോണിന് ലഭിച്ചിരുന്നു.