ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന്റെ തിഹാർ ജയിലിലെ ഒരു ദിവസം തുടങ്ങുന്നത് ജയിൽ മുറി തൂത്തുവാരിക്കൊണ്ടെന്ന് എൻ.ഡി.ടി.വി. അതീവ സുരക്ഷയുള്ള തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാൾ ഉള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് കെജ്രിവാളിന് ഒറ്റമുറി ഒരുക്കിയത്. മറ്റു വിചാരണതടവുകാരെപ്പോലെ ജയിൽ മുറി വൃത്തിയാക്കിയാണ് കെജ്രിവാൾ ഓരോ ദിവസം തുടങ്ങുന്നതും.
മൂന്നു പുസ്തകങ്ങളും അത് വെക്കാനുള്ള ഒരു മേശയും സ്വന്തം ബെഡും മാത്രമാണ് കെജ്രിവാളിന് പ്രത്യേകമായി ജയിൽ മുറിയിൽ ഉള്ളത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും പ്രമേഹത്തിന് നിർദ്ദേശിച്ച മരുന്നുകൾ കൊണ്ടുപോകാനും കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. മുറിയിൽ ഗ്ലൂക്കോമീറ്റർ, ഷുഗർ സെൻസർ, മിട്ടായികൾ, ഗ്ലൂക്കോസ് ഇവ കോടതി അനുമതിപ്രകാരം സൂക്ഷിക്കുന്നുണ്ട്.ഒരു കസേര കൂടി നൽകാൻ ജയിൽ അഡ്മിനിസ്ട്രേഷനോട് കെജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ 6.30 നു പ്രഭാത ഭക്ഷണവും 12 നു ഉച്ചഭക്ഷണവും കഴിച്ച കെജ്രിവാൾ മൂന്നുമണിവരെ വായനക്കാണ് സമയം ചെലവിട്ടത്.
ഇടുങ്ങിയ ജയിൽ മുറി ആയിട്ടും അക്കാര്യത്തിൽ ഡൽഹി മുഖ്യമന്ത്രി ഇതുവരെ പരാതിയൊന്നും ഉന്നയിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. കെജ്രിവാൾ പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡോക്ടർമാർ അത്തരം ആശങ്കകളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും തിഹാർ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിന് ശേഷം അരവിന്ദ് കെജ്രിവാളിൻ്റെ ഭാരം കുറഞ്ഞതായുള്ള ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾക്ക് വിരുദ്ധമാണ് ജയിൽ അധികൃതരുടെ ഈ നിലപാട്.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more