ന്യൂഡല്‍ഹി: ജയിലിലെ അന്തേവാസികള്‍ക്ക് രണ്ടു തരത്തിലുള്ള രേഖകളില്‍ മാത്രമേ ഒപ്പിടാനാകൂ എന്ന് തിഹാര്‍ ജയില്‍ മേധാവി സഞ്ജയ് ബനിവാള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് രാഷ്ട്രീയ രേഖകളില്‍ ഒപ്പുവെക്കാന്‍ അനുവാദമില്ലെന്നും ബനിവാള്‍ വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്ന എഎപിയുടെ പ്രസ്താവനയ്ക്കിടെയാണ് ജയില്‍ അധികൃതര്‍ ഒരു ദേശീയ മാധ്യമത്തോട് ചട്ടങ്ങള്‍ വിശദീകരിച്ചത്.
അരവിന്ദ് കെജരിവാളോ അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഏതൊരു തടവുകാരനും രാഷ്ട്രീയ സ്വഭാവമില്ലാത്ത രണ്ട് തരം രേഖകളില്‍ മാത്രമേ ഒപ്പിടാന്‍ കഴിയൂ. നിയമപരമായ പേപ്പര്‍ അല്ലെങ്കില്‍ സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയിലേ ഒപ്പുവെക്കുവാനാകൂ. സഞ്ജയ് ബനിവാള്‍ വ്യക്തമാക്കി.കെജരിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി സര്‍ക്കാര്‍ ഭരണം തുടരുമെന്നും അടുത്ത ആഴ്ച മുതല്‍ എല്ലാ ആഴ്ചയും രണ്ട് മന്ത്രിമാരെ വിളിച്ച് അവരുടെ വകുപ്പുകളിലെ പുരോഗതി അവലോകനം ചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിഹാര്‍ ഡയറക്ടര്‍ ജനറല്‍ ( പ്രിസണ്‍സ്) നിലപാട് വ്യക്തമാക്കിയത്.
ജയിലില്‍ കെജരിവാളിന് ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും, കൊടും കുറ്റവാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നുമുള്ള പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ആരോപണങ്ങള്‍ സഞ്ജയ് ബനിവാള്‍ തള്ളിക്കളഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ പാസാക്കിയ ജയില്‍ മാന്വലില്‍ തടവുകാര്‍ക്കിടയില്‍ കൊടുംകുറ്റവാളി, സാധാരണ ക്രിമിനല്‍ എന്ന വ്യത്യാസമില്ല.ഓരോ തടവുകാരനും ചില അടിസ്ഥാന അവകാശങ്ങളുണ്ട്, അത് എല്ലാവര്ക്കും ഉറപ്പാക്കുന്നുണ്ട്. തടവുകാരന് അനഭിലഷണീയരായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയോ അവരില്‍ നിന്ന് കത്തുകള്‍ സ്വീകരിക്കുകയോ, തടവുകാരന്റെ പുനരധിവാസത്തിന് ഹാനികരമായ എന്തെങ്കിലും കത്തിടപാടുകള്‍ കണ്ടെത്തുകയോ ചെയ്താല്‍ അത്തരം കത്തുകള്‍ തടഞ്ഞുവയ്ക്കപ്പെടും, സഞ്ജയ് ബനിവാള്‍ പറഞ്ഞു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more