ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോൾ മുതൽ ഡൽഹിയിലെ അധികാര ഉപശാലകളിൽ ഒരു റൂമർ പരന്നിരുന്നു-സുപ്രീംകോടതിയിൽ നിന്നും കിട്ടിയ ഈ പ്രഹരം മറയ്ക്കാനായി നരേന്ദ്ര മോദിയും ബിജെപിയും ഉടനൊരു സർജിക്കൽ സ്ട്രൈക്ക് നടത്തും. അതെന്താണ് ? ആർക്കെതിരെയാണ് ? എന്നതിൽ മാത്രമായിരുന്നു കൃത്യമായ ഒരു ധാരണ ഇല്ലാതിരുന്നത്. എന്നാൽ, ഇന്നലെ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ ഇഡി എത്തിയപ്പോൾ ഏവരും ഉറപ്പിച്ചു- ആ ഇര കെജ്രിവാൾ തന്നെ.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ , പ്രതിപക്ഷ കൂട്ടായ്മയിലെ മുഖ്യനേതാക്കളിൽ ഒരാളെ രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിന് ഒടുവിൽ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുമ്പോൾ മോദിയും ബിജെപിയും ഉന്നം വെക്കുന്നത് ഇലക്ട്രൽ ബോണ്ട് ചർച്ചയാകാതെ ഇരിക്കുക എന്നതുതന്നെയാണ്. ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി നേടിയെടുത്ത നൂറുകണക്കിന് കോടി രൂപയുടെ സംഭാവനയെക്കുറിച്ചും ആ പണം നല്കിയ വ്യവസായികള്‍ക്ക് മോദി സര്‍ക്കാരില്‍ നിന്നും ലഭിച്ച പ്രയോജനങ്ങളെക്കുറിച്ചും, അതിന്റെ ഭാഗമായ നടന്ന വന്‍ അഴിമതിയെക്കുറിച്ചും ദേശീയാടിസ്ഥാനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കവേയാണ് ആ നിരയിലെ പ്രമുഖനായ കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റു ചെയ്യുന്നത്. പ്രതിപക്ഷത്തിന് നേരെയുള്ള അപ്രതീക്ഷിതമായ ഈ ആക്രമണം അവരുടെ താളം തെറ്റിക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാമായിരുന്നു.
ബിജെപി വിരുദ്ധ പ്രതിപക്ഷത്തെ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നിശ്ചലമാക്കി നിര്‍ത്തുക എന്ന തന്ത്രമാണ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ മോദി നടപ്പാക്കിയത്.ഇതോടെ ഇലക്ട്രൽ ബോണ്ട് വിഷയത്തില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിയുമെന്നും, തന്റെ സര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങളുമായി രംഗത്തുവരുന്നവര്‍ തന്നെ വന്‍ അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി കരുതുന്നു. ഇതുവഴി ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധത്തിന്റെ മുനയൊടിക്കുകയുമാകാം.
ഡല്‍ഹി മദ്യനയക്കേസില്‍ വന്‍ അഴിമതിയുണ്ടെന്ന് ആദ്യം ആരോപിച്ചത് കോണ്‍ഗ്രസായിരുന്നു. അന്ന് പ്രതിപക്ഷ ഇന്ത്യാ സഖ്യമൊന്നും രൂപമെടുത്തിരുന്നില്ല . ഡല്‍ഹിയിലെ മദ്യവിപണനം സ്വകാര്യമേഖലക്ക് കൈമാറാന്‍ അരവിന്ദ് കെജ്രിവാൾ സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ തന്നെ ഇതിൽ വന്‍അഴിമതിയുണ്ടെന്ന ആരോപണവും ശക്തമായതാണ്. ഗോവ തെരഞ്ഞെടുപ്പില്‍ എഎപി മുടക്കിയ 100 കോടി രൂപ ഇത്തരത്തില്‍ മദ്യവ്യവസായികളില്‍ നിന്നും കൈപ്പറ്റിയതാണെന്നും, തെലങ്കാന മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖരറാവുവിന്റെ മകള്‍ കവിതയാണ് ഹൈദരാബാദ് ആസ്ഥാനമായ മദ്യക്കമ്പനികള്‍ക്ക് വേണ്ടി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്നും ആരോപണം ഉയര്‍ന്നു. ഇതോടെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഉണര്‍ന്നു.
അദാനി ഗ്രൂപ്പില്‍ മോദിയാണ് മുതല്മുടക്കിയിരിക്കുന്നതെന്നും അദാനി വെറും മാനേജര്‍ മാത്രമാണെന്നുമുള്ള കെജ്രിവാളിന്റെ പ്രസ്താവന മോദിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. പ്രതിപക്ഷ ഐക്യത്തില്‍ കെജ്രിവാൾ ചേരുമെന്നുറപ്പായപ്പോള്തന്നെ അദ്ദേഹത്തിന് ചോദ്യം ചെയ്യലിനുള്ള സിബിഐ നോട്ടീസ് ലഭിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പതിനാല് പ്രതിപക്ഷ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അതിന് നേതൃത്വം നല്കിയതും കെജ്രിവാൾ തന്നെയായിരുന്നു. അറസ്റ്റിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും കെജ്രിവാൾ മോദിക്കും ബിജെപിക്കുമെതിരെയുളള ആക്രമണം കടുപ്പിച്ചിരുന്നു.
എഎപി ദേശീയ പാര്‍ട്ടിയായി മാറിയതും, അദാനി വിഷയത്തില്‍ മോദിക്കെതിരെയുള്ള ആക്രമണം കെജ്രിവാൾ തുടര്‍ന്നതും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണി തന്നെയായിരുന്നു. അതോടൊപ്പം മൃദുഹിന്ദുത്വം നന്നായി കൈകാര്യം ചെയ്്തുകൊണ്ട് അയോധ്യ രാമക്ഷേത്ര വിഷയത്തിലടക്കം ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കെജ്രിവാളിന് കഴിയുകയും ചെയ്തു. അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വരെ കെജ്രിവാൾ പ്രഖ്യാപിച്ചപ്പോള്‍ പിന്നെ നരേന്ദ്രമോദിക്ക് മുന്നും പിന്നും നോക്കാനുണ്ടായിരുന്നില്ല. തങ്ങളുടെ അതേ രാഷ്ട്രീയ തന്ത്രം തങ്ങള്‍ക്കെതിരെ പയറ്റി വിജയിക്കുന്ന അരവിന്ദ് കെജ്രിവാളിനെ എന്ത് വിലകൊടുത്തും പൂട്ടിയേ മതിയാകൂ എന്ന് മോദി തിരുമാനിച്ചു. അതിന്റെ ഫലമാണ് ഇന്നലെത്തെ അറസ്റ്റ്.
ഇതിന് മുമ്പ് ജാര്‍ഖണ്ഡില്‍ ജെഎംഎം മുഖ്യമന്ത്രി ഹേമന്ദ് സോറനെയാണ് ഇഡി അറസ്റ്റു ചെയ്തത്. ഇത്തരത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രതിപക്ഷ മുഖ്യമന്ത്രിയാണ് കെജ്രിവാള്. ഹേമന്ത് സോറന് അറസ്ററിലാകുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍ കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം കൈവിടരുതെന്നാണ് എഎപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജയിലിലായാല്‍ പിന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടിയും വരും. രാഹുല്‍ഗാന്ധിക്ക് പകരം പ്രതിപക്ഷ നേതൃനിരയെ കെജ്രിവാൾ നയിക്കുമോ എന്ന ഭീതി എഎപി ഇന്ത്യാ മുന്നണിയില്‍ സജീവമായപ്പോള്‍ നരേന്ദ്രമോദിക്കുണ്ടായിരുന്നു.
ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും കോണ്‍ഗ്രസും ഒരുക്കമായിരുന്നു. ബിജെപി വിരുദ്ധ സര്‍ക്കാര്‍ വരികയാണെങ്കില്‍ പുറത്തു നിന്നു പോലും പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന സൂചനകളും ഇടക്കാലത്തുണ്ടായിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലാകുന്നതില് ആംആദ്മിക്കോ കെജ്രിവാളിനോ ബുദ്ധിമുട്ടുമില്ലായിരുന്നു. ഇതൊക്കെ മനസിലാക്കിക്കൊണ്ടു തന്നെയാണ് പൊതു തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നപ്പോൾ തന്നെ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റു ചെയ്യാന്‍ മോദി തിരുമാനിച്ചത്. കെജ്രിവാളാകട്ടെ എണ്ണം പറഞ്ഞ രാഷ്ട്രീയക്കാരനായതുകൊണ്ട് ഈ അറസ്റ്റും തനിക്ക് അനുകൂലമായി മാറ്റാനുള്ള തന്ത്രം മെനയുകയുമാണ്