ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ആറാമത്തെ സമൻസ് അയയ്ക്കുകയും അറസ്റ്റ് ഭീഷണി നിലനിൽക്കുകയും ചെയ്യുന്നതിനിടെയാണ് ബദൽ നീക്കം.
മദ്യനയക്കേസ് സർക്കാരിനെ തകർക്കാനുള്ള ബി.ജെ.പി നീക്കമാണെന്ന് തെളിയിക്കാനും ഇ.ഡി സമൻസുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വിശദീകരിക്കാനുമുള്ള വേദി സൃഷ്ടിക്കുകയാണ് പ്രമേയ ചർച്ചയിലൂടെ കേജ്രിവാൾ. തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അവകാശപ്പെട്ട് രണ്ട് ആംആദ്മി പാർട്ടി എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചതായി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കേജ്രിവാൾ പറഞ്ഞു. 21 എം.എൽ.എമാർ പാർട്ടി വിടാൻ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ബി.ജെ.പിയുമായി ചർച്ചയിലാണെന്നും അവരോട് പറഞ്ഞു. ബി.ജെ.പിയിൽ ചേരാൻ എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തു.
പാർട്ടി വിടാൻ ചിലർ സമ്മതിച്ചെന്ന വിവരം കളവാണെന്ന് കണ്ടെത്തി. അതേസമയം മറ്റ് ഏഴ് പേരുമായി ബന്ധപ്പെട്ടതായും വിവരം ലഭിച്ചു. ബി.ജെ.പി മറ്റൊരു ‘ഓപ്പറേഷൻ താമര”യ്ക്ക് ശ്രമിക്കുകയാണ്. മദ്യനയ കുംഭകോണം പാർട്ടിയെ തകർക്കാനും സർക്കാരിനെ താഴെയിറക്കാനുമുള്ള കള്ളക്കേസാണ്. അന്വേഷണമല്ല, അവരുടെ ലക്ഷ്യം നേതാക്കളെ അറസ്റ്റ് ചെയ്യലാണ്. ചിലരെ ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് വിജയിക്കാൻ കഴിയില്ല. അതിനാൽ സർക്കാരിനെ താഴെയിറക്കി ഭരണം പിടിക്കണം. ദൈവ കൃപയാലും ജനങ്ങളുടെ വിശ്വാസത്താലും അവർ വിജയിച്ചില്ല. ഒരു എം.എൽ.എയും കൂറുമാറിയിട്ടില്ലെന്നും എല്ലാവരും ഞങ്ങളോടൊപ്പമാണെന്നും ജനങ്ങൾക്ക് കാണിച്ചുകൊടുക്കാനാണ് വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്നും കേജ്രിവാൾ വിശദീകരിച്ചു. 70 അംഗ നിയമസഭയിൽ ആം ആദ്മി പാർട്ടിക്ക് 62ഉം ബി.ജെ.പിക്ക് എട്ടും എം.എൽ.എമാരുമാണുള്ളത്. രണ്ട് വർഷത്തിനിടെ രണ്ടാമത്തെ വിശ്വാസ പ്രമേയമാണിത്. സമാനമായ ആരോപണങ്ങൾ ഉന്നയിച്ചാണ് 2022ലും പാർട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.