കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സഭകളുമായി സുദൃഢ ബന്ധത്തിന് ശ്രമങ്ങൾ നടന്നുവരവേ ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മതവിരോധവുമായി വ്യാപരിക്കുന്ന പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ‘തല്ലും തലോടലും ഒരുമിച്ച് പോകില്ല’ എന്ന തന്റെ ലേഖനത്തിൽ വ്യക്തമാക്കുന്നു.
ബി.ജെ.പി.ക്ക് ഇനിയും കാര്യമായ രാഷ്ട്രീയനേട്ടം നേടാൻ കഴിയാത്ത കേരളത്തിൽ ക്രൈസ്തവ നേതൃത്വങ്ങളുമായി സമവായത്തിലെത്താൻ ഊർജിത ശ്രമങ്ങളുണ്ട്. എന്നാൽ ഈ നീക്കങ്ങൾക്ക് കത്തോലിക്കാ സഭയുടെയോ മറ്റ് ക്രൈസ്തവ സഭകളുടെയോ ഔദ്യോഗിക നേതൃത്വത്തിൽ നിന്ന് പ്രോത്സാഹനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ദേശീയതലത്തിൽ ബി.ജെ.പി.ക്ക് ക്രൈസ്തവ അനുകൂല നിലപാടാണ് എക്കാലത്തും ഉള്ളതെന്ന് സ്ഥാപിക്കാൻ ശ്രമങ്ങൾ നിരന്തരം കണ്ടുവരുന്നതായും ലേഖനം വിമർശിക്കുന്നു.
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി വീണ്ടും ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടന്നേക്കുമെന്നിരിക്കേയാണ് ബി.ജെ.പി.യുടെ രാഷ്ട്രീയ നീക്കത്തിൽ െക.സി.ബി.സി. നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം മോദിയുടെ കൊച്ചി സന്ദർശനത്തിനിടെയും ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യമെമ്പാടും ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ കെ.സി.ബി.സി. ലേഖനത്തിൽ അക്കമിട്ട് വിവരിക്കുന്നു. രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിദിനം രണ്ട് അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരേ നടക്കുന്നു.
പത്തുവർഷം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി 2023-ൽ ഉണ്ടായി. ആൾക്കൂട്ട ആക്രമണങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദേവാലയങ്ങൾ നശിപ്പിക്കൽ എന്നീ അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ്.ദേശീയ ബാലാവകാശ കമ്മിഷൻ അടിസ്ഥാനരഹിതമായ കാര്യങ്ങളുന്നയിച്ച് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്ന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ തന്നെ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെടുകയാണെന്നും ലേഖനം ഓർമിപ്പിക്കുന്നു.