


തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ചാരാന്‍ പറ്റുമോ എന്ന പരീക്ഷണത്തിലാണ് മുഖ്യമന്ത്രിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ സ്ഥലകാല ബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടി നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടി പോലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ എന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
’22 കൊല്ലം മുന്‍പ് ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ കയറാന്‍ പറ്റിയത് എന്നാണ് പറയുന്നത്. ഉണ്ണികൃഷ്ണന് പോറ്റി എസ്ഐടിയുടെ മുന്നിലുണ്ടല്ലോ. എസ്ഐടി അന്വേഷിക്കട്ടെ.യഥാര്‍ഥത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയില്‍ എത്തിയത് 2007ലാണ്. ഇപ്പോള്‍ എന്റെ കൂടി പടം കിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. ഇതുവരെ കിട്ടിയിട്ടില്ലല്ലോ? വെറുതെ ആരുടെയെങ്കിലും മുകളില്‍ ചെളി വാരിയെറിഞ്ഞാല്‍ സ്വന്തം ദേഹത്ത് വീണ ചെളി ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ധരിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് സഹതപിക്കാനെ മാര്‍ഗമുള്ളൂ. ഒരു സംശയവും വേണ്ട, യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമത്തിനിടെ സ്വന്തം സ്ഥിതി വഷളാവുകയേ ഉള്ളൂ. അത് അങ്ങയ്ക്ക് മനസിലാകുന്നില്ലെങ്കില്‍ കഷ്ടം എന്ന് മാത്രമാണ് പറയാനുള്ളത്. കേസില്‍ യുഡിഎഫ് നേതാക്കളെ ചോദ്യം ചെയ്തോട്ടെ. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണെങ്കിലും എസ്ഐടി എന്ന് പറയുന്നത് കേരള പൊലീസ് അല്ലേ. അവര്‍ക്ക് ഇഷ്ടമുള്ള ആളെ ഇഷ്ടമുള്ളപ്പോള്‍ ചോദ്യം ചെയ്യട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നതാണ് യുഡിഎഫ് നിലപാട്. ശബരിമലയിലെ സ്വര്‍ണം കട്ടത് ആരാണ് എന്ന് കേരളത്തിലുള്ള എല്ലാവര്ക്കും അറിയാം. അവരെ സംരക്ഷിക്കുന്നത് ആരാണ് എന്നും അറിയാം. ഈ ജാള്യത മാറ്റാന്‍ വേണ്ടി ഈ കളി കളിച്ചുകൊണ്ടിരുന്നാല്‍ അവര്‍ ഏറ്റവും വലിയ കെണിയിലാണ് വീഴാന്‍ പോകുന്നത്’- കെ സി വേണുഗോപാല്‍ പറഞ്ഞു.
ദേവസ്വം മന്ത്രിയായിരുന്ന സമയത്തെ തന്റെ പ്രവര്‍ത്തനം കേരള സമൂഹത്തിന്റെ മുന്നിലുണ്ട്. 2004 എന്നല്ല, ഏത് കാലത്തെ കുറിച്ച് അന്വേഷണം വന്നാലും എനിക്കെന്തിനാണ് ഭയപ്പെടേണ്ട കാര്യം. അന്വേഷണം മുന്നോട്ടുപോയാലും യുഡിഎഫില്‍ നിന്നും ആരും ജയിലില്‍ പോകില്ലെന്ന് പൂര്‍ണ ഉറപ്പുണ്ട്. യുഡിഎഫിനെ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ വഷളാവും. കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യന്നത് രാഷ്ട്രീയം തന്നെയാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ യുഡിഎഫിനെ കൂട്ടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയം എന്നല്ലാതെ എന്തുപറയാനാണ് എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.