കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് രഹസ്യമായി കണക്ക് കൂട്ടിയത് 50000 വോട്ടിന്റെ ഭൂരിപക്ഷമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. 50000 വോട്ടുകള്‍ക്ക് വിജയിക്കുമ്പോഴാണ് അത് കേരള രാഷട്രീയത്തെ മാറ്റിമറയ്ക്കുന്ന വിജയമാവുകയെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ റിക്കാര്‍ഡാകും ചാണ്ടിയുടെ ഭൂരിപക്ഷമെന്ന് താന്‍ നേരത്തേ പറഞ്ഞതാണ്. പി.ജയരാജന് ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച 45000 വോട്ടുകളുടെ ഭൂരിപക്ഷത്തെ മറികടക്കും. ജയരാജന് അന്ന് കിട്ടിയത് പാര്‍ട്ടി ഗ്രാമങ്ങളിലെ കള്ളവോട്ടുകളാണ്. എന്നാല്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ അംഗീകരിച്ച് കൊടുത്ത വോട്ടാണ് ചാണ്ടിക്ക് ലഭിച്ചത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ജനങ്ങള്‍ പ്രകടിപ്പിച്ച തെരഞ്ഞെടുപ്പാണ് ഇതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ജീവിച്ചിരുന്ന സമയത്തേക്കാള്‍ മരിച്ച ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ ഇടത് മുന്നണിക്കുള്ള കനത്ത പ്രഹരമാണിത്. സര്ക്കിനും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുമെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.