കൊച്ചി: അന്തരിച്ച മലയാള സിനിമാ നടി കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രാമൊഴി നല്കി നാട്. പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ചലച്ചിത്ര സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയായിരുന്നു യാത്രയയപ്പ്.
ഇന്നലെ വൈകിട്ടാണ് കവിയൂര്‍ പൊന്നമ്മ വിടപറഞ്ഞത്. രാവിലെ 9 മുതല്‍ 12 വരെ കളമശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് തന്നെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേര്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ്, നടിമാരായ മഞ്ജു പിള്ള, ജോമോള്‍, സരയൂ, സംവിധായകരായ സിബിമലയില്‍, ബി.ഉണ്ണിക്കൃഷ്ണന്, നടന് ചേര്‍ത്തല ജയന് ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
മൂന്നര പതിറ്റാണ്ടു കാലത്തെ ചെന്നൈ ജീവിതത്തിനു ശേഷം ശാന്തമായി ജീവിക്കാനാണു കവിയൂര്‍ പൊന്നമ്മ കരുമാലൂരില്‍ പെരിയാറിന്റെ തീരത്തു വീടു നിര്‍മിച്ചത്. പ്രളയസമയത്തു കുറച്ചു ദിവസം മാറി നിന്നതൊഴിച്ചാല്‍ വിശ്രമജീവിതം പൂര്‍ണമായി കരുമാലൂര്‍ പുറപ്പിള്ളിക്കാവിലെ വീട്ടിലായിരുന്നു. കിഴക്കേ കടുങ്ങല്ലൂരില്‍ താമസിക്കുന്ന ഇളയ സഹോദരനും കുടുംബവുമാണു വയ്യാതെ വന്ന സമയത്തെല്ലാം ശുശ്രൂഷിച്ചിരുന്നത്.