തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതി പ്രിയരഞ്ജൻ ചെന്നൈ വഴി വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നത് സംശയം വർധിപ്പിക്കുന്നുണ്ട്. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ഈ ക്രൂര കൃത്യം ചെയ്തത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ആദി ശേഖറിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ബന്ധു പ്രിയരഞ്ജൻ മനപ്പൂര്‍വം കാർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി സൈക്കിളെടുത്ത് മുന്നോട്ട് പോകാൻ തുടങ്ങുന്നതിനിടെ പ്രിയ രഞ്ജൻ കാറുമായി പിറകില്‍ അമിതവേഗതയിലെത്തി കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിന് മുകളിലുടെ കാർ കയറ്റി ഇറക്കുകയായിരുന്നു. ഇയാളുടെ വാഹനം പേയാട് എന്ന സ്ഥലത്ത് നിന്ന് ആളൊഴിഞ്ഞ നിലയിൽ പിന്നീട് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം 30നാണ് കാട്ടാക്കട അരുൺകുമാർ ദീപ ദമ്പതികളുടെ മകൻ ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്.