തിരുവനന്തപുരം : കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക ആദി ശേഖറിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂർ അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ആദിശേഖരൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അപകട മരണമാണെന്നും ബോധപൂർവം ചെയ്തതല്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയിൽ പൂർണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.
2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുൺകുമാർ-ദീപ ദമ്പതികളുടെ മകൻ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊന്നത്.പ്രതിയായ പ്രിയരഞ്ജൻ ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നൽകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആദിശേഖർ കളി കഴിഞ്ഞ് സൈക്കിളിൽക്കയറി പോകവെ പ്രിയരഞ്ജൻ വാഹനം മുന്നോട്ട് എടുക്കുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഏപ്രിലിൽ പ്രതി മദ്യപിച്ച് പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആദിശേഖർ സ്ഥിരമായി കളിക്കാൻ പോകുന്ന വഴിയിൽ 20 മിനിറ്റോളം കാത്തിരുന്നാണ് പ്രതി പ്രിയരഞ്ജൻ കൊലപാതകം നടന്നത്. കാർ സ്റ്റാർട്ട് ചെയ്താണ് പ്രിയരഞ്ജൻ ആദിശേഖറിന്റെ വരവും കാത്തിരുന്നത്. സുഹൃത്തിന്റെ അടുത്തെത്തിയ ആദിശേഖർ സുഹൃത്തിന്റെ സൈക്കിൾ വാങ്ങി പോകാൻ തുടങ്ങിയപ്പോൾ അതിവേഗം കാർ മുന്നോട്ടെടുത്ത് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.