ന്യൂഡൽഹി : കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ വെള്ളി പുലർച്ചെ നാട്ടിലെത്തിക്കും. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂർ എത്തിക്കും.
വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ ആർ, ശ്രീജേഷ്, അരുൺ, പി അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിക്കും. ഇന്ന് എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായെന്ന് കേരള ഹൗസ് അറിയിച്ചു. കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജി മോൻ, അസിസ്റ്റന്റ ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് റ്റി ഒ, അനൂപ് വി എന്നിവരാണ് ശ്രീനഗറിൽ നിന്നും യാത്ര സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്സൺ ഓഫീസർ ജിതിൻ രാജ് റ്റി ഒ പാലക്കാട് ചിറ്റൂർ വരെ സംഘത്തെ അനുഗമിക്കും. സൗറയിലെ എസ് കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു കെ എന്നിവർ അവിടെ തുടരും. വിനോദ യാത്ര സംഘത്തിൽ പതിമൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.