കണ്ണൂര്‍: യന്ത്രത്തകരാര്‍ പരിഹരിച്ച് യാത്ര പുനരാരംഭിച്ച കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരതിന് വീണ്ടും തകരാര്‍. ഇതേതുടര്‍ന്ന് രണ്ടിടത്തും വീണ്ടും നിര്‍ത്തി. ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ ഓടുന്നത്. പിന്‍ഭാഗത്തെ എന്ജിന് ഉപയോഗിച്ച് അഞ്ചുമണിയോടെ യാത്ര പുനഃരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
രണ്ടരയ്ക്ക് യാത്ര തുടങ്ങിയ ട്രെയിന്‍ മുന്നരക്ക് കണ്ണൂര്‍ റെയില്‍വേ സറ്റേഷനില്‍ എത്തി. അവിടെനിന്ന് യന്ത്രതകരാര്‍ കാരണം ഒന്നരമണിക്കൂര്‍ പിടിച്ചിട്ടു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അവിടെനിന്ന് യാത്ര തുടങ്ങിയപ്പോള്‍ രണ്ടിടത്ത് വീണ്ടും പിടിച്ചിട്ടു. ഇപ്പോള്‍ ട്രെയിന്‍ ഒച്ചിഴയുന്നതുപോലെയാണ് ഒാടുന്നതെന്നും എസി വര്‍ക്ക് ചെയ്യുന്നില്ലെന്നും യാത്രക്കാരനായ രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു. കംപ്രസറിന്റെ പ്രശ്നമാണെന്നാണ് അധികൃതര്‍ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനില്‍നിന്നു പുറത്തിറങ്ങാനാവാതെ ആളുകള്‍ കുഴങ്ങി. വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു. അരമണിക്കൂറിനു ശേഷമാണു ഡോര്‍ തുറന്നത്. എസി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
സാങ്കേതിക തകരാറിനെ തുടർന്നു യാത്രക്കാർ ദുരിതത്തിലായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ പോകേണ്ടവർക്കായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫറോക്കിൽ നിർത്തി. ഒരു മിനിറ്റാണ് ട്രെയിൻ ഫറോക്ക് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങാനായി നിർത്തിയത്. സാങ്കേതിക തകരാറിനെ തുടർന്നു ട്രെയിൻ മണിക്കൂറുകൾ വൈകിയതോടെ വിമാനത്താവളത്തിൽ പോകേണ്ട യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രെയിൻ ഫറോക്കിൽ നിർത്തി വിമാനത്താവളത്തിൽ പോകേണ്ട യാത്രക്കാർക്ക് ഇറങ്ങാൻ അവസരം ഒരുക്കിയത്. വൈകി ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് ഇപ്പോൾ മറ്റ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ട അവസ്ഥയിലാണ്.