തിരുവനന്തപുരം : രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് സ്കോര്‍ ചെയ്തു. യശസ്വി ജയ്സ്വാളിന്റെയും ഋതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന് കിഷന്റെയും അര്‍ധസെഞ്ച്വറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്.
25 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ജയ്സ്വാളിന്റെ വെടിക്കെട്ട് പ്രകടനമാണ് ആദ്യ ഓവറുകളില്‍ ഇന്ത്യയുടെ സ്കോറിങ് വേഗം കൂട്ടിയത്. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആറാമത്തെ ഓവറില്‍ നഥാന്‍ എല്ലിസിന്റെ പന്തില്‍ ജയ്സ്വാള്‍ പുറത്തായതിന് ശേഷം 32 പന്തില്‍ നിന്ന് 52 റണ്‍സ് നേടി ഇഷാന് കിഷന് സ്കോറിങ് വേഗം കൂട്ടി. നാല് സിക്സും മൂന്ന് ഫോറും അടിച്ച ഇഷാന്16 മത്തെ ഓവറിലാണ് പുറത്താകുന്നത്. ഈ സമയം ഇന്ത്യ 164 ന് രണ്ട് എന്ന നിലയിലായിരുന്നു.
പിന്നാലെ 43 പന്തില്‍ നിന്ന് 58 റണ്‍സ് നേടി ഋതുരാജ് ഗെയ്ക്വാദും തിളങ്ങി. സൂര്യകുമാര്‍ 10 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്ത് മടങ്ങി. പിന്നിടെത്തിയ റിങ്കു സിങ് 9 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു. ഇരുപതാമത്തെ ഓവറില്‍ ഋതുരാജ് നഥാന്‍ എല്ലിസിന്റെ പന്തില്‍ പുറത്തായി. പിന്നീടെത്തിയ തിലക് വര്‍മ്മ രണ്ട് പന്തില്‍ നിന്ന് എഴ് റണ്‍സ് നേടി പുറത്താകാതെ നിന്നു.