കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്യും. സെപ്റ്റംബർ 19-ന് ഹാജരാകണമെന്ന് കാട്ടി മൊയ്തീന് ഇഡി നോട്ടീസ് നൽകി.
കേസില്‍ അറസ്റ്റിലായ പ്രതികളും മൊയ്തീനും നല്കിയ മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യംചെയ്യാനായി മൊയ്തീനെ വിളിച്ചുവരുത്തുന്നത്.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ മൊയ്തീന് സമര്‍പ്പിച്ച രേഖകളും ഇഡി ശേഖരിച്ച രേഖകളും വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
വരുമാനം, നിക്ഷേപങ്ങള്‍, ആദായനികുതി റിട്ടേണുകള്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പരിശോധിക്കും. വൈരുധ്യങ്ങള്‍ വിലയിരുത്തിയാകും ഇനിയുള്ള ചോദ്യംചെയ്യല്‍.
മൊയ്തീന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയെത്തുടര്‍ന്ന് 28 ലക്ഷം രൂപയുടെ നിക്ഷപം ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ തനിക്ക് ലഭിച്ച വരുമാനവും ഭാര്യയുടെ ശമ്പളവും ചേര്‍ത്ത് നിക്ഷേപിച്ചതാണ് തുകയെന്നാണ് മൊയ്തീന് ഇതിന് നല്കിയ വിശദീകരണം.
അക്കൗണ്ട് മരവിപ്പിച്ചത് ഒഴിവാക്കണമെന്ന് മൊയ്തീന് ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഇതിന്മേലുള്ള നടപടി.
മുമ്പ് രണ്ട് തവണ ഇഡി ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും മൊയ്തീന് അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഇഡി നോട്ടീസ് നല്കിയതും തിങ്കളാഴ്ച ഹാജരായതും. ഒമ്പതര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് തിങ്കളാഴ്ച നടന്നത്.
സിപിഎം തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി സ്ഥിരം സമിതി അധ്യക്ഷന്‍ അരവിന്ദാക്ഷന് എന്നിവരെയും തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.