കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സഹകരണ സംഘം രജിസ്ട്രാറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിന് ഇന്ന് രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. റബ്കോ എം.ഡിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസയച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കൂടുതൽ ഉന്നതരിലേക്ക് നീങ്ങുന്നവെന്നതിന്റെ സൂചനയാണ് സഹകരണ സംഘം രജിസ്ട്രാർക്കുള്ള ഇ.ഡിയുടെ കത്ത്. നേരത്തെ വിവിധ രേഖകൾ സഹകരണ സംഘം രജിസ്ട്രാറോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും രജിസട്രാർ ഹാജരാക്കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് ഇ.ഡി കടക്കുന്നത്. കേസിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് റെബ്കോ എം.ഡിക്ക് കത്ത് നൽകിയതെന്ന് ഇ.ഡി വ്യക്തമാക്കി.