തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്ത് ഇഡി. തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജേഷ്, ജിജോർ അടക്കം നാല് പേരെയാണ് ഇന്ന് ചോദ്യം ചെയ്തത്.
കേസിൽ ഇഡി കസ്റ്റഡിയിലുള്ള പ്രതി സതീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രദേശിക നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സിപിഎം നേതാക്കളുമായും കേസിൽ അറസ്റ്റിൽ ഉള്ളവരുമായും അടുത്ത ബന്ധം ഉള്ളവരാണ് ഇന്ന് ഹാജരായവർ.
കരുവന്നൂർ ബാങ്കിൽനിന്ന് ബെനാമികൾ തട്ടിയെടുത്ത കോടികൾ ഏതൊക്കെ സ്ഥലങ്ങളിൽ നിക്ഷേപിച്ചു എന്നതിലാണ് അന്വേഷണം. കേസിൽ സിപിഎം നേതാവ് എ.സി. മൊയ്തീനിനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.