കൊച്ചി: കരുവന്നൂർ കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്റെ പ്രതിനിധികൾ ഇഡി ഓഫീസിലെത്തി. ആദായനികുതി രേഖകളും കുടുംബാംഗങ്ങളുടെ ആസ്തിവിവരങ്ങളും ഇന്ന് ഹാജരാക്കാൻ ഇഡി കണ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി നല്കിയ മൂന്നാമത്തെ നോട്ടീസിനു പിന്നാലെയാണ് പ്രതിനിധികൾ എത്തിയത്. അതേസമയം, എം.കെ. കണ്ണൻ ഹാജരാകില്ലെന്നാണ് വിവരം.
ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാംഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് കണ്ണനോട് നിർദേശിച്ചിരുന്നത്. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് സിപിഎം നേതാവായ എം.കെ. കണ്ണൻ. നേരത്തെ രണ്ടുതവണ എം.കെ. കണ്ണനോട് ഇക്കാര്യം ഇഡി ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നിരുന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ഇനി വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും ഇഡി വൃത്തങ്ങൾ സൂചന നല്‍കിയിരുന്നു.
കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ എം.കെ. കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കരുവന്നൂർ കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി കണ്ണന് ബിനാമി ഇടപാടുകൾ ഉണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.കരുവന്നൂരിലെ തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ണനെയും നോട്ടമിട്ടത്.
എം.കെ. കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദേശം നൽകിയത്.
കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സിപിഎം കൗൺസിലർ മധു അമ്പലപുരത്തെ ബുധനാഴ്ച ഇഡി ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിലെ മുഖ്യപ്രതി പി. സതീഷ്കുമാറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി പി.ആര്. അരവിന്ദാക്ഷനൊപ്പം മധുവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിലടക്കം മധുവിനെതിരേ ഇഡിയുടെ പരാമര്‍ശമുണ്ട്. സതീഷ് നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് മധുവില്‍നിന്ന് ഇഡി ആരായുന്നത്.
സതീഷ് കുമാറിന്റെ ഇടപാടുകള്‍, ബന്ധങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ തേടിയാണ് ശ്രീജിത്ത്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അനില്‍ കുമാര്‍ എന്നിവരെ ചോദ്യം ചെയ്തത്. എന്നാൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഇതുവരെയും ഹാജരായിട്ടില്ല.
രണ്ട് ദിവസം ഇഡി നോട്ടീസ് നൽകിയിട്ടും സുനിൽകുമാർ ഹാജരായില്ല. സതീഷ്കുമാറുമായി അടുത്ത ബന്ധമുള്ളയാളാണ് സുനില്‍കുമാര്‍. എ.സി. മൊയ്തീൻ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന കാര്യത്തിൽ ഇഡി ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.