തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു വിഷയത്തിൽ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്കാണ് ബഹുജനമാർച്ച് നടത്തുന്നത്. സമരജാഥ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 17കിലോമീറ്റർ ദൂരമാണ് മാർച്ച് ചെയ്യുന്നത്.
തട്ടിപ്പിനിരയായ എല്ലാവർക്കും മുഴുവൻ തുകയും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് സമരജാഥ. സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ജനകീയ സമരം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ മുന്നോടിയായിട്ടാണ് സുരേഷ് ഗോപിയുടെ യാത്ര. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും.
സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തുമെന്ന് ബിജെപി നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് അറിയിച്ചു. ഈ മാസം 21 മുതല്‍ 30 വരെയാണ് ബി ജെ പിയുടെ സഹകരണ അദാലത്ത്. തട്ടിപ്പ് നടന്ന ബാങ്കുകളിലെ സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചായിരിക്കും അദാലത്തെന്നും കൃഷ്ണദാസ് പറഞ്ഞു.