തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരന് ജില്‍സിനെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി പരിഗണിക്കും.
പ്രതികളുടെ കൂടുതല്‍ അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തുന്നതിന് കസ്റ്റഡിയില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ വേണമെന്നാണ് ഇഡി വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടി ആർ രാജനെ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
കുടുംബാംഗങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ചോദ്യം ചെയ്യൽ സമയത്ത് ആവശ്യപ്പെട്ടപ്പോൾ അരവിന്ദാക്ഷൻ നൽകാൻ തയാറായില്ല. പിന്നീട് ബാങ്ക് സെക്രട്ടറി നൽകിയ രേഖയിൽ അരവിന്ദാക്ഷന്റെ 90കാരിയായ അമ്മ ചന്ദ്രമതിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നും വ്യക്തമായി.
അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും സ്റ്റേറ്റ്മെന്റും അടക്കം ബാങ്ക് സെക്രട്ടറി കൈമാറി. അമ്മയുടെ അക്കൗണ്ടാണിതെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. ഇതിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഇഡി അറിയിച്ചു. ഈ അക്കൗണ്ടിലെ നോമിനി കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് ആണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.