കൊച്ചി: കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണനെ ഇ.ഡി ഇന്നലെ ചോദ്യംചെയ്തു. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.
രാവിലെ 11നാണ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. വൈകിട്ട് ഏഴോടെ പുറത്തിറങ്ങി. തുടർന്ന് തൃശൂരിലേയ്ക്ക് മടങ്ങി. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ പി. സതീഷ്കുമാർ തൃശൂർ സഹകരണബാങ്കിൽ നിക്ഷേപം നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തൃശൂർ ബാങ്കിൽ റെയ്ഡ് നടത്തിയ ഇ.ഡി രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എം.എൽ.എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്. സതീഷ്കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയും ഇന്നലെ ഇ.ഡി ചോദ്യംചെയ്തു. സതീഷിന്റെ ഇടപാടുകളിൽ പങ്കുണ്ടെന്ന സംശയത്തിലായിരുന്നു ചോദ്യംചെയ്യൽ.
ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി: എം.കെ. കണ്ണൻ
ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി എം.കെ. കണ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചു. അറസ്റ്റിലായ പി. സതീഷ്കുമാറുമായി 10 വർഷമായി സൗഹൃദമുണ്ട്. സതീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. വെള്ളിയാഴ്ച വീണ്ടും ഹാജരാകും.