കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ സിപിഎമ്മിന് രണ്ട് അക്കൗണ്ട് ഉണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് വര്‍ഗീസിനെ ഇതു നാലാം തവണയാണ് വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച ഇഡി ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ സാക്ഷിയെന്ന നിലയിലാണ് വര്‍ഗീസിനെ ഇഡി ഇതുവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ബാങ്കില്‍ നിന്നു ബെനാമി വായ്പ അനുവദിക്കുന്നതിനു ഭരണസമിതിയില്‍ സ്വാധീനമുള്ള സിപിഎം പാര്‍ട്ടി ഫണ്ടിലേക്കു വന്‍തുക കമ്മിഷന് വാങ്ങിയെന്ന സാക്ഷിമൊഴികളും പ്രതികളുടെ കുറ്റസമ്മത മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങള്‍ പോലും വര്‍ഗീസ് പറയുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.