തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. തൃശൂരിൽ നിന്നാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഉടൻ കൊച്ചിയിലെത്തിക്കും.
കേസിൽ ചോദ്യം ചെയ്യലിനിടെ, ഇ പി ജയരാജൻ, എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എന്നിവർക്കെതിരെ വ്യാജ മൊഴി നൽകണമെന്നാവശ്യപ്പെട്ട് ഇ ഡി ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആരവിന്ദാക്ഷൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഇ ഡി അരവിന്ദാക്ഷനെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നത്. അരവിന്ദാക്ഷനെ നേരത്തെ ആറ് തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യുന്നതിനിടെ മർദിച്ചെന്നായിരുന്നു ഇയാളുടെ പരാതി. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമാണുള്ളത്. പണമിടപാടിലെ ഇടനിലക്കാരനായിരുന്നു അരവിന്ദാക്ഷൻ. അത്താണി ലോക്കൽ കമ്മിറ്റി അംഗമാണ് ഇയാൾ. കേസിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.