കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ ഇന്ന് ഇ ഡി ഓഫീസിൽ ഹാജരാകും. രാവിലെ 11ന് ഇ ഡി ഓഫീസിൽ ഹാജരാകാനാണ് മൊയ്തീനോട് നിർദേശിച്ചിട്ടുള്ളത്. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനും മൊയ്തീനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിൽനിന്ന് ബിനാമികൾക്ക് വ്യാജ വായ്പ അനുവദിക്കുന്നതിൽ എസി മൊയ്തീൻ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. തട്ടിപ്പ് ആസൂത്രണം ചെയ്തവരും വായ്പത്തുക കൈപ്പറ്റിയവരും ഇടനിലക്കാരും സിപിഎം ബന്ധമുള്ളവരും നല്കിയ മൊഴികൾ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് മൊയ്തീൻ വ്യക്തമാക്കിയിരുന്നു.
കേസിൽ അറസ്റ്റിലായ പി സതീഷ് കുമാറാണ് തട്ടിപ്പിന്റെ സൂത്രധാരൻ. ഇയാൾ നടത്തിയ 150 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചെന്നാണ് മൊഴികൾ. ബാങ്ക് ഇടപാടുകാർ, നിക്ഷേപകർ, അംഗങ്ങൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, സിപിഎം പ്രാദേശിക നേതാക്കൾ തുടങ്ങിയവരിൽ നിന്നെല്ലാം തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
മൊയ്തീനുമായി അടുത്ത ബന്ധമുള്ള തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസിനെയും, വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. അനൂപ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. എന്നാൽ അരവിന്ദാക്ഷൻ ഇന്ന് ഇഡിക്ക് മുന്നിലെത്തില്ല. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് അരവിന്ദാക്ഷൻ ഒഴിവാകുന്നത്.
തട്ടിപ്പിലൂടെ പി സതീഷ് കുമാറിന്റെ കൈവശമെത്തിയ പണത്തിന്റെ വിഹിതം മുൻ എംപി ക്കും ലഭിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുൻ എംപി, എംഎൽഎ എന്നിവരുടെയെല്ലാം ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇഡിക്ക് മൊഴി ലഭിച്ചിട്ടുള്ളത്. സതീഷ് കുമാറിന്റെ അടുപ്പക്കാരായ മധു അമ്പലപുരം, ജിജോർ എന്നിവരാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.മുൻ എംപി ക്ക് പണം നൽകിയിട്ടുണ്ടന്ന് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണം സതീഷ് കുമാറിന്റെ ഫോണിൽ നിന്ന് ലഭിച്ചുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.