കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽമുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദ്ദേശം. രണ്ടുവട്ടം നോട്ടീസ് അയച്ചെങ്കിലും വിവിധ കാരണങ്ങൾ അറിയിച്ച് ഹാജരായിരുന്നില്ല.
കരുവന്നൂർ കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പി. സതീഷ് കുമാർ ഒരു സിറ്റിംഗ് എം.എൽ.എയുടെയും മുൻ എം.പിയുടെയുംചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന ഇ.ഡിയുടെ കണ്ടെത്തൽ പാർട്ടിക്ക് വലിയ ക്ഷീണമായിരിക്കെയാണ് മൊയ്തീനെ അന്വേഷണസംഘം ചോദ്യംചെയ്യാൻ ഒരുങ്ങുന്നത്.
പ്രതി പി.പി. കിരൺ ബിനാമി ലോണിലൂടെ തട്ടിയെടുത്ത 24 കോടി രൂപയിൽ 14 കോടി ഒന്നാം പ്രതി സതീഷ്കുമാറിന് കൈമാറിയതു സംബന്ധിച്ച അന്വേഷണത്തിൽ എ.സി. മൊയ്തീനെ വെട്ടിലാക്കുന്ന ചില വിവരങ്ങൾ ഇ.ഡിക്കു ലഭിച്ചു. സതീഷ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് മൊയ്തീനിൽ നിന്ന് ഇ.ഡി വിവരം തേടും.
നിയമസഭാ സമ്മേളനമുണ്ടെങ്കിലും ഹാജരാകുമെന്നും ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകുമെന്നും മൊയ്തീൻ അറിയിച്ചിട്ടുണ്ട്. 10 വർഷത്തെ ആദായനികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വടക്കാഞ്ചേരിയിലെ മൊയ്തീന്റെ വീട്ടിൽ ഇ.ഡി 22 മണിക്കൂർ പരിശോധന നടത്തിയിരുന്നു.