കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാപ്പകയിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിം സന്തോഷിനായി അനുശോചനയോഗം. ഇന്ന് കരുനാഗപ്പള്ളിയിൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും. സന്തോഷ് സുഹൃത് സമിതിയാണ് സംഘാടകർ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.
സന്തോഷ് ഗുണ്ടയല്ല തങ്ങളുടെ സഹയാത്രികൻ എന്നാണ് ബാനറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ പങ്കജിന് കുപ്രസിദ്ധ ഗുണ്ടകളായ ആറ്റിങ്ങൽ അയ്യപ്പനും ഓംപ്രകാശുമായും അടുത്ത ബന്ധം. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നു. “ബിഗ് ബ്രദേഴ്സ്” എന്ന പേരിൽ ചിത്രം പ്രചരിപ്പിച്ചത് പങ്കജ് ആണ്.
അതേസമയം ജിം സന്തോഷ് കൊലക്കേസിൽ മറ്റു രണ്ടുപേരെ കൂടി ലക്ഷ്യം വെച്ചിരുന്നതായ് പ്രതികൾ. സന്തോഷിന്റെ കാൽ തകർക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കുക്കു എന്ന മനുവിന്റെയും രാജപ്പൻ എന്ന രാജീവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊർജിതമെന്നും അന്വേഷണ ഉദ്യോഗസ്ഥ കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന പ്രതികരിച്ചിരുന്നു.
സന്തോഷിന്റെ വീട്ടിലേക്ക് രണ്ടുതവണ തോട്ടയെറിഞ്ഞതായ് രാജീവ് പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. സന്തോഷിന്റെ വീടിനു മുന്നിൽ കിടന്ന ഡംബിൽ എടുത്ത് അകത്ത് കടന്നു. തോട്ട വീണ് തകർന്ന സന്തോഷിന്റെ കാൽ ഡംബൽ കൊണ്ട് പിന്നെയും തകർത്തു. സന്തോഷിനെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത വിധം ആയുഷ്ക്കാലം കിടപ്പിലാക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ പറഞ്ഞതായാണ് വിവരം.