ബംഗളൂരു : ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തി. നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ടാക്സി കാറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ യുവതിയെ കര്‍ണാടക പൊലീസ് പിടികൂടുകായിരുന്നു. 39കാരിയായ സുചന സേത്താണ് അറസ്റ്റിലായത്
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവരെന്നും വിവാഹമോചന നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മകനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. ബംഗാള്‍ സ്വദേശിയായ യുവതി മലായാളി യുവാവുമായുള്ള ബന്ധത്തില്‍ തൃപ്തയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എല്ലാ ഞായറാഴ്ചയും മകനെ കാണാന്‍ ഭര്‍ത്താവിനെ അനുവദിച്ച കോടതി വിധിയിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു.
ഹോട്ടല്‍ ജീവനക്കാരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലാണ് മൃതദേഹവുമായി കടന്നുകളയാന്‍ ശ്രമിച്ച എഐ കമ്പനി സിഇഒയെ കുടുക്കിയത്. പൊലീസില്‍നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ പ്രതിക്ക് യാതൊരുസംശയവും തോന്നാത്തരീതിയില്‍ സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ട ടാക്സി ഡ്രൈവറുടെ ഇടപെടലും കേസില്‍ എടുത്തുപറയേണ്ടതാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേസില്‍ നിര്‍ണായക പങ്കുവഹിച്ച ഹോട്ടല്‍ ജീവനക്കാരെയും ടാക്സി ഡ്രൈവറെയും നോര്‍ത്ത് ഗോവ എസ്പി നിധിന് വത്സന് അഭിനന്ദിച്ചു
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈന്ഡ്ഫുള് എഐ ലാബ്’ സ്റ്റാര്‍ട്ടപ്പിന്റെ സിഇഒയും സഹസ്ഥാപകയുമായ സുചന സേതി(39)നെയാണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ ഗോവ പൊലീസ് പിടികൂടിയത്. നോര്‍ത്ത് ഗോവയിലെ ഹോട്ടല്‍മുറിയില്‍വെച്ച് മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ബംഗളൂരുവിലേക്ക് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ സുചനയെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു.
ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി സുചന നോര്‍ത്ത് ഗോവയിലെ കന്‍ഡോലിമിലെ ഹോട്ടലിലെത്തിയത്. രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാല്‍, ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ മകന് യുവതിയുടെ കൂടെയുണ്ടായിരുന്നില്ല. ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലില്‍നിന്ന് മടങ്ങിയതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
മുറിയൊഴിയുന്നതിന് മുന്‍പ് ഗോവയില്‍നിന്ന് ബംഗളൂരുവിലേക്ക് പോകാനായി ടാക്സി ബുക്ക് ചെയ്യാന്‍ യുവതി ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. റോഡ് മാര്‍ഗം ഏകദേശം 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കുറഞ്ഞനിരക്കില്‍ ബംഗളൂരുവിലേക്ക് വിമാനടിക്കറ്റ് ലഭ്യമാണെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും ടാക്സി മതിയെന്നായിരുന്നു സുചനയുടെ നിലപാട്. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ ടാക്സി ബുക്ക് ചെയ്തുനല്‍കി. പിന്നാലെ യുവതി ബാഗുമായി ഹോട്ടലില്‍നിന്ന് തനിച്ച് യാത്രതിരിച്ചു.
യുവതി ഹോട്ടല്വിട്ടതിന് പിന്നാലെ ഇവര്‍ താമസിച്ചിരുന്ന മുറി വൃത്തിയാക്കാനായി ജീവനക്കാര്‍ എത്തിയിരുന്നു. ഈ സമയത്താണ് മുറിയിലെ രക്തക്കറ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സംശയംതോന്നിയ ഹോട്ടല്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് സംഘം, മകനുമായി മുറിയെടുത്ത യുവതി തിരികെമടങ്ങിയത് ഒറ്റയ്ക്കാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്സി ഡ്രൈവറെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു.
സുചനയില്നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു പൊലീസിന്റെ ആദ്യശ്രമം. മകന് എവിടെയാണെന്ന് ഇന്‍സ്പെക്ടര്‍ ചോദിച്ചപ്പോള്‍ മകനെ ഗോവയിലെ ഒരുസുഹൃത്തിന്റെ വീട്ടില്‍ ഏല്‍പ്പിച്ചെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ സുഹൃത്തിന്റെ വിലാസം നല്കാന് പൊലീസ് ആവശ്യപ്പെടുകയും ഇതനുസരിച്ച് യുവതി ഒരു വിലാസം അയച്ചുനല്‍കുകയും ചെയ്തു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ വളരെ തന്ത്രപൂര്‍വമായിരുന്നു പൊലീസിന്റെ ഇടപെടല്‍.
യുവതി നല്കിയ വിലാസം വ്യാജമാണെന്ന് തെളിഞ്ഞതോടെ എത്രയുംവേഗം ഇവരെ കസ്റ്റഡിയിലെടുക്കുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. ഇതിനായി വീണ്ടും ടാക്സി ഡ്രൈവറുടെ സഹായംതേടി. യുവതിക്ക് സംശയം തോന്നാതിരിക്കാന്‍ കൊങ്കിണി ഭാഷയിലാണ് ഇത്തവണ ഇന്‍സ്പെക്ടറും ഡ്രൈവറും ഫോണില്‍ സംസാരിച്ചത്. എത്രയുംവേഗം കാറിലുള്ള യുവതിയുമായി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വാഹനം എത്തിക്കണമെന്നായിരുന്നു ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ക്ക് നല്കിയ നിര്‍ദേശം. ഈ സമയം കാര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മനസ്സാന്നിധ്യം കൈവിടാതെ യുവതിക്ക് യാതൊരു സംശയവും തോന്നാത്തരീതിയില്‍ ടാക്സി ഡ്രൈവര്‍ ഏറ്റവും അടുത്തുള്ള ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ടു. ഉടന്‍തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ കാറില്‍നിന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് ബാഗില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.