മംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയേയും മക്കളേയും കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. കൊലപാതകം നടത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതി വീട്ടിൽ വന്നതെന്നും മോഷ്ടിക്കുക എന്ന ലക്ഷ്യം ഇയാൾക്കില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല. ഞായറാഴ്ച രാവിലെ 8.30നും ഒന്‍പതിനും ഇടയിലായിരുന്നു സംഭവം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാന്(23), അസീം(14), അയനാസ്(20) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നൂര്‍ മുഹമ്മദിന്റെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഹസീനയെയും മൂന്നു മക്കളെയും പ്രതി ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ഹാജിറയ്ക്കും കുത്തേറ്റതെന്നും വയറ്റിൽ നിരവധി തവണ കുത്തേറ്റ ഹാജിറ വീട്ടിലെ ടോയ്ലറ്റിൽ അഭയം തേടുകയായിരുന്നുവെന്നും ഉഡുപ്പി പൊലീസ് വ്യക്തമാക്കി.
ടോയ്ലറ്റിന്റെ വാതിൽ അകത്ത് നിന്നും പൂട്ടിയ ഹാജിറ പൊലീസ് വന്നപ്പോഴും വാതിൽ തുറക്കാൻ ഭയപ്പെട്ടു. ഒടുവിൽ പോലീസ് ബലമായി വാതിൽ തുറന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹാജിറ ഇപ്പോഴും ഐസിയുവിലാണ്.സംഭവം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പറ്റി ലഭ്യമായ സൂചനങ്ങൾ പൊലീസ് നൽകിയിരുന്നു. മാസ്ക് ധരിച്ചെത്തിയ ആളാണ് കൊലയ്ക്ക് പിന്നിലെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. കൃത്യം നടത്താനുള്ള കാരണം വ്യക്തിവൈരാഗ്യമാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. മാസ്ക് ധാരിയായ വ്യക്തി ഓട്ടോയിലാണ് ഇവരുടെ വീട്ടിലേക്ക് വന്നതെന്നും പൊലീസ് അറിയിച്ചു. ഇയാളെ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവർ ശ്യാമിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പുറത്ത് വിട്ടു.
ഇയാളെ ഹസീനയുടെ വീട്ടിലാക്കി പതിനഞ്ച് മിനിട്ടിന് ശേഷം ഓട്ടോ സ്റ്റാൻഡിന്റെ പരിസരത്ത് വച്ച് വീണ്ടും കണ്ടുമുട്ടിയെന്നും ഇത്ര നേരത്തെ തിരികെ വരാനായിരുന്നുവെങ്കിൽ കാത്തു നിൽക്കാമായിരുന്നുവെന്നും അയാളോട് പറഞ്ഞതായി ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകി. ഇതിന് മറുപടി നൽകാതെ അയാൾ മറ്റൊരു ഓട്ടോയിൽ കയറി പോകുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.