ബെംഗളൂരു : കർണാടകയിൽ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വന്‍ തോതില്‍ വർധിപ്പിച്ച് സർക്കാർ. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. നിലവിൽ അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെയായി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വർധിച്ചു. വിവിധ സാമൂഹിക പദ്ധതികൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാറ്റ് ഉൾപ്പെടെ നിരവധി എംഎൽഎമാർ ശമ്പള വർധനവിനുള്ള ശുപാർശ മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ നിർദേശം മുന്നോട്ട് വെച്ചിരുന്നു. ‘എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വർധിച്ചു കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വർധനവിനെക്കുറിച്ച് പറഞ്ഞത്.
അതേസമയം കർണാടകയിലെ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 36 പൈസയാണ് കൂട്ടിയത്. ഏപ്രിൽ 1 മുതൽ നിരക്ക് വർധന നിലവിൽ വരും. ജീവനക്കാരുടെ പെൻഷനും ഗ്രാറ്റ്വിറ്റിയും ചേർത്തുള്ള തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് നിരക്ക് വർധന. നിരക്ക് വർധനയ്ക്കൊപ്പം ഒന്‍പതു ശതമാനം വൈദ്യുതി നികുതി കൂടി ഉപഭോക്താക്കൾ അടയ്ക്കേണ്ടി വരും.