ബംഗലൂരു : കര്‍ഷകരെ അപമാനിച്ച കര്‍ണാടക മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ കര്‍ഷകര്‍ വരള്‍ച്ച ആഗ്രഹിക്കുന്നു എന്നാണ് മന്ത്രി ശിവാനന്ദ പാട്ടീല്‍ പ്രസംഗിച്ചത്. ബെലഗാവി ജില്ലയിലെ ചിക്കോടിയില്‍ സുട്ടറ്റി പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
സൗജന്യ വൈദ്യുതി, കൃഷ്ണ നദിയില്‍ നിന്നും വെള്ളം, വിത്തുകള്‍, വളങ്ങള്‍ എല്ലാം സര്‍ക്കാര്‍ നല്കി. എന്നിട്ടും തുടര്‍ച്ചയായി വരള്ച്ച് വരണമെന്നാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്. ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുതി തള്ളുന്നതിനായിട്ടാണ് കര്‍ഷകര്‍ വരള്‍ച്ച ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരം ആഗ്രഹങ്ങള്‍ പാടില്ല. ഇപ്പോള്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ വരള്‍ച്ച വരുന്ന സ്ഥിതിയാണുള്ളത്. ഇടക്കാല വായ്പകളുടെ പലിശ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നമുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കണം, എന്നാല്‍ സര്‍ക്കാര്‍ എല്ലായ്പ്പോഴും കര്‍ഷകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. ശിവാനന്ദ പാട്ടീല്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഇതാദ്യമായിട്ടല്ല ശിവാനന്ദ പാട്ടീല്‍ കര്‍ഷകര്‍ക്കെതിരെ സംസാരിക്കുന്നത്. ഇത്രയും കര്‍ഷക വിരുദ്ധനായ ഒരു നേതാവിനെ കണ്ടിട്ടില്ല. കര്‍ഷക വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി ശിവാനന്ദ പാട്ടീലിനെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആര് അശോക ആവശ്യപ്പെട്ടു.