ബംഗളൂരു: ബിജെപി സർക്കാർ കൊണ്ടുവന്ന വിവാദ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
2022 സെപ്റ്റംബർ 21നാണ് ബസവരാജ് ബൊമ്മെ സർക്കാർ സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. അന്ന് അതിനെതിരേ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നിർബന്ധപൂർവ്വം മതം മാറ്റുന്നത് തടയാനാണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിന്റെ ന്യായീകരണം. എന്നാൽ നിയമം ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നത്. ബിജെപി സർക്കാരിന്റെ കാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും സിദ്ധരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സവർക്കറിനേയും ഹെഡ്ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.