കോഴിക്കോട്: കർണാടകയിലെ അങ്കോലയിൽ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുന്റെ ഫോൺ റിങ് ചെയ്തെന്ന് ഭാര്യ കൃഷ്ണപ്രിയ. അവസാന ജിപിഎസ് ലൊക്കേഷൻ കാണിച്ച സ്ഥലത്ത് പരിശോധന നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് അർജുന്റെ സഹോദരി ആരോപിച്ചു. സംഭവം അറിഞ്ഞപ്പോൾ തന്നെ പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് എഫ്.ഐ.ആർ എടുക്കാൻ തയ്യാറായില്ലെന്നും കുടുംബം പറയുന്നു. ഗതാഗതം പുനഃസ്ഥാപിക്കാനാണ് കര്‍ണാടക സര്‍ക്കാറിന്റെ മുൻഗണനയെന്നും തെരച്ചില്‍ നടക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.
‘വാഹനത്തിന്റെ എഞ്ചിൻ ഓണണെന്നാണ് ഭാരത് ബെൻസിൽ നിന്നും ലഭിച്ച വിവരം. ഇന്നലെ രാവിലെ 11 മണിയൊക്കെ ആയപ്പോൾ ഫോൺ റിങ് ചെയ്തു. ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ബുധനാഴ്ചയും ഇന്നലെയും വിളിച്ചിട്ട് മുഴുവൻ ഫോണ്‍ റിങ് ചെയ്തിരുന്നു. വാഹനത്തിന്റെ എഞ്ചിൻ ഓണാണെന്നാണ് ഭാരത് ബെൻസിൽ നിന്നും ലഭിച്ച വിവരം.അതിനുള്ളിലിരുന്ന് എഞ്ചിൻ ഓണാക്കാൻ ശ്രമിക്കുന്നുണ്ട് ആള്… ആ മണ്ണൊന്ന് മാറ്റിയാൽ മതി’. മന്ത്രി ഗണേശ് കുമാറും, റവന്യൂമന്ത്രി കെ.രാജനും വിളിച്ചിരുന്നുവെന്നും കൃഷ്ണപ്രിയ പറഞ്ഞു. ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിച്ചലുണ്ടായ ഭാഗത്താണ് അവസാനമായി ജിപിഎസ് കാണിച്ചത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറും കോൺഗ്രസ് എം.പിമാരും കർണാടക സർക്കാറുമായി ബന്ധപ്പെട്ടു. തെരച്ചില്‍ ഏകോപിപ്പിക്കാൻ കോഴിക്കോട് കലക്ടറെ മന്ത്രി പി എ മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തി.