ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഷിരൂരിലെത്തി. അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യങ്ങൾക്കായി സൈന്യം എത്തിയതിന് പിന്നാലെയാണ് അദ്ദേഹവും ഷിരൂരിലെത്തിയത്. സിദ്ധരാമയ്യയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും അപകടസ്ഥലത്തെത്തിയെന്നാണ് സൂചന.
അതേസമയം, ബെലഗാവിയിൽ നിന്നും 40 അംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തിയത്. എൻഡിആർഎഫുമായി സൈന്യം ചർച്ച നടത്തും.കേരള-കർണാടക ഏരിയ കമാൻഡറുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക. മണ്ണിന്റെ ഘടന, കാലാവസ്ഥ, മണ്ണിടിച്ചിൽ സാധ്യത എന്നിവയും സൈന്യം പരിശോധിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സൈന്യവുമായി ബന്ധപ്പെട്ടത്.
രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം സംഘത്തിന്റെ വരവ് വൈകുകയായിരുന്നു. ലോറി പുഴയിലേക്ക് ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനാൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് തന്നെ തിരച്ചിൽ ശക്തമാക്കാനാണ് കരസേന ലക്ഷ്യമിടുക.പുഴയിലേക്ക് ലോറി ഒഴുകിപ്പോയിട്ടില്ലെന്ന് ദൗത്യസംഘം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്നലെ നാവികസേനയും ഈ വിവരം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ രണ്ട് സിഗ്നലുകൾ ലഭിച്ച സ്ഥലത്തേക്ക് തന്നെ രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. രണ്ട് ജെസിബികളാണ് ഇവിടെ മണ്ണെടുപ്പ് നടത്തുന്നത്. ഇത് ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്ഥലത്തെയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നതിനാൽ ഇത് തടയുന്നതിനാണ് മറ്റ് ജെസിബികൾ.ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.