ബെംഗളൂരു : അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15 മുതലും എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി പ്രകാരമുള്ള അരി വിതരണവും ജൂലൈ മാസം മുതലായിരിക്കും ആരംഭിക്കുക. തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതിയുടെ ഭാഗമായി ഡിപ്ലോമ എടുത്ത തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1500 രൂപയും ബിരുദദാരികൾക്ക് മാസം 3000 രൂപയുമാണ് ധനസഹായമായി നൽകുക. സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി ഈ മാസം 11ന് പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം പുറകിയത്. ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പിന് ആകെ പ്രതിവർഷം 50,000 കോടി രൂപ ചെലവ് വരുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്.