ബംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്ഡെ. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ്ഡെ.
400 ലധികം ലോക്സഭാ സീറ്റുകളില്‍ ജയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നമുക്ക് ജയിക്കാം. അങ്ങിനെ വന്നാല്‍ 20ലധികം സംസ്ഥാനങ്ങള്‍ ബിജെപിക്കൊപ്പമെത്തും. സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ടും നമ്മുടെ കൈകളിലാകും. രാജ്യസഭയിലും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്നും’ അദ്ദേഹം പറഞ്ഞു.
ബിജെപിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണം. കഴിഞ്ഞകാലങ്ങളില്‍ ഹിന്ദുമതത്തെ തരംതാഴ്ത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടന ഭേദഗതി ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് അത്രയും സീറ്റുകള്‍ നേടേണ്ടത് എന്നാല്‍ മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു മതത്തിന് മുന്‍ഗണന നല്‍കാതെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നു. അതില്‍ നമുക്ക് മാറ്റം വരുത്തണം. ഹിന്ദുമതത്തെ സംരക്ഷിക്കണം. നിലവില്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നമുക്കുണ്ട്. എന്നാല്‍ ഭരണഘടന തിരുത്താന്‍ രാജ്യസഭയില്‍ നമുക്കത്ര പ്രാതിനിധ്യമില്ല. 400 ലധികം അംഗങ്ങളായാല്‍ നമുക്കതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഭരണഘടന അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.