കാസർഗോഡ് : ഗസ്റ്റ് ലക്ച്ചർ നിയമനത്തിനായി കരിന്തളം കോളേജിൽ വ്യാജരേഖ നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനും കോടതി നിർദ്ദേശിച്ചു. ഇതനുസരിച്ചാണ് നീലേശ്വരം പൊലീസിന്റെ നീക്കം .
അട്ടപ്പാടി കേസിൽ കെ.വിദ്യക്ക് മണ്ണാർക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു . അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യമെന്ന് കോടതി വ്യക്തമാക്കി. 50000 രൂപയുടെ രണ്ട് ആൾജാമ്യം,കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും മജിസ്ട്രേറ്റ് കാവ്യ സോമൻ നിർദ്ദേശിച്ചു.
വിദ്യ കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒളിവിൽ കഴിയുന്നതിനിടെ കാഞ്ഞങ്ങാട്ടെ അഭിഭാഷക മുഖേന വിദ്യ ജില്ല കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്.ഇന്നലെ കോടതിയിൽ ഹാജരായ വിദ്യയുടെ അഭിഭാഷക ജാമ്യാപേക്ഷ പിൻവലിക്കുന്നതായി രേഖാമൂലം അറിയിക്കുകയായിരുന്നു. അറസ്റ്റിലാകുന്നതിനു മുമ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും പിൻവലിച്ചു.