കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.തന്റെ മൊബൈല്‍ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ജോലി നേടാന്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് കെ വിദ്യ അറസ്റ്റിലാകുന്നത് ജൂണ്‍ 27 നാണ് . നേരത്തെ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.