മാഡ്രിഡ്: റയൽ മാഡ്രിഡ് നായകനും ഫ്രഞ്ച് താരവുമായ കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുന്നു. ബെൻസിമയുമായി ഈ സീസണോടെ വഴി പിരിയുകയാണെന്നു റയൽ മാഡ്രിഡ് വ്യക്തമാക്കി. ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിൽ നിന്നും 2009 ൽ റയലിലെത്തിയ ബെൻസീമ 14 വര്ഷം കൊണ്ട് ക്ലബിന്റെ എക്കാലത്തെയും വലിയ രണ്ടാമത്തെ ടോപ് സ്കോറർ എന്ന പദവി നേടിയ ശേഷമാണു വെള്ളക്കുപ്പായം അഴിക്കുന്നത്.
റയൽ കുപ്പായത്തിൽ 354 ഗോളുകളാണ് ബെൻസീമ നേടിയത്. 450 ഗോളുകൾ നേടിയ റൊണാൾഡോയാണ് ഇക്കാര്യത്തിൽ ബെൻസീമയ്ക്ക് മുന്നിലുള്ളത്. റൊണാൾഡോ-ബെൻസിമ-ബെയിൽ ത്രയം ബിബിസി സഖ്യമെന്ന നിലയിൽ റയൽ മുന്നേറ്റത്തിൽ തിളങ്ങി നിൽക്കുമ്പോൾ റൊണാൾഡോ യുവന്റസിലേക്ക് കൂടു മാറിയ ശേഷമാണ് ബെൻസിമ തന്റെ പൂർണ പ്രഭാവം പുറത്തെടുത്തത്. ടീം നായകനായി മാറിയ ബെൻസിമ ബാലൻ ദ്യോർ പുരസ്ക്കാരവും നേടി. റയലിനായി അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ലാലിഗ കിരീടങ്ങളും മൂന്നു കോപ്പാ ഡൽറെ കപ്പുകളും ലോകകപ്പ് ജയങ്ങളും ബെൻസീമ നേടിയിട്ടുണ്ട്
സീസൺ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന ബെൻസേമ ഫ്രീ ട്രാൻസഫറിലൂടെയാണ് മാഡ്രിഡ് വിടുന്നത്. റിക്കാർഡ് തുകയ്ക്ക് സൗദി ക്ലബായ അൽ-ഇത്തിഹാദിലേക്കായിരിക്കും ബെൻസേമ മാറുക- സ്പാനിഷ് ഫുട്ബോൾ എഴുത്തുകാരൻ ഗുയ്ലെം ബാലഗോ പറയുന്നു. അൽ-ഇത്തിഹാദുമായി രണ്ട് വർഷത്തെ കരാറിൽ ബെൻസെമ ഒപ്പുവയ്ക്കുമെന്ന് സൗദി ദേശീയ ടെലിവിഷനായ അൽ ഇഖ്ബാരിയ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ബെൽജിയം താരം ഏദൻ ഹസാർഡും മാർകോ അസൻസിയോയും റയൽ വിടുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് ബെൻസേമയും സ്പാനിഷ് വമ്പൻമാരുമായി വഴിപിരിയുകയാണെന്ന സ്ഥിരീകരണമുണ്ടായത്.