തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണ, അച്ചുവെന്ന അഖിൽ, സുമേഷ് വിനീത് എന്നിവരാണ് കേസിലെ പ്രതികൾ. കിരണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി മൂന്ന് പേർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
നേരത്തെ ബാറിൽവച്ച് പ്രതികളും കൊല്ലപ്പെട്ട യുവാവും തമ്മിൽ തർക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ പകയാകാം കൃത്യം നടത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി സി പി നിധിൻ രാജ് പ്രതികരിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകയ്ക്കെടുത്ത വാഹനത്തിലാണ് പ്രതികളെത്തിയതെന്ന് ഡി സി പി വ്യക്തമാക്കി. നാല് പ്രതികളിൽ ഒരാൾ വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു. മൂന്ന് പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അഖിലും വിനീതും കരമന അനന്തു വധക്കേസിലെ പ്രതികളാണ്. കൊല്ലപ്പെട്ട കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ അഖിലിന്റെ (26) ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഫോറൻസിക് സംഘം സംഭവസ്ഥലവും കാറും പരിശോധിക്കുകയാണ്.
അഖിലിനും പ്രതികൾക്കും ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകിട്ട് 4.45ന് മരുതൂർകടവിലാണ് അരുംകൊല നടന്നത്. വീടിനോടു ചേർന്ന് അലങ്കാരമത്സ്യങ്ങൾ അടക്കം വിൽക്കുന്ന പെറ്റ്ഷോപ്പ് നടത്തുകയായിരുന്നു അഖിൽ. ഇവിടെ നിന്നാണ് ഇന്നോവ കാറിലെത്തിയ അക്രമികൾ അഖിലിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. ഒഴിഞ്ഞ പറമ്പിലെത്തിച്ച് കമ്പിയും കല്ലുംകൊണ്ട് ആക്രമിച്ചശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പിക്കാൻ ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തു. അരമണിക്കൂറോളം കഴിഞ്ഞ് പ്രദേശവാസികളാണ് രക്തംവാർന്ന നിലയിൽ അഖിലിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾ അഖിലിനെ മർദ്ദിക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.