ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡിന്റെ കരടു വന്നശേഷം ചര്‍ച്ചകള്‍ നടത്താമെന്നു നിയമജ്ഞനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. വിഭജന രാഷ്ട്രീയത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം തിടുക്കപ്പെട്ട് അഭിപ്രായങ്ങള്‍ പറഞ്ഞു സര്‍ക്കാരിന്റെ കെണിയില്‍ വീണെന്നും കപില്‍ സിബല്‍ പറഞ്ഞു.
‘‘ യൂണിഫോം സിവിൽ കോഡിനെ ആര്‍എസ്എസ് എതിര്‍ത്തതാണ്. മോദിക്ക് വേണ്ടത് തയ്യാറാക്കി നല്‍കാനാണ് ദേശീയ നിയമ കമ്മിഷൻ. എന്താണ് വിവാദമെന്നു മനസിലാകുന്നില്ല. യൂണിഫോം സിവിൽ കോഡ് എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറയാത്തിടത്തോളം എങ്ങനെയാണു പ്രതികരിക്കുക. 2024 ൽ തിരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. മറ്റു വിഷയങ്ങളൊക്കെ ഇതിനോടകം ദുർബലമായി’’– കപില്‍ സിബല്‍ വിശദീകരിച്ചു.