കണ്ണൂര്‍ : നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല് നടയായാണ് കണ്ണൂരിലെത്തിയത്. 40കാരനായ പുഷന്‍ജിത് സിദ്ഗർ മുൻപ് കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്നു അതിന് ശേഷമാണ് കേരളത്തിൽ വന്നത്.
ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഐജി വ്യക്തമാക്കി. പ്രതിക്ക് ബീഡി വലിക്കുന്ന സ്വഭാവമുണ്ട്. അതിനായി സൂക്ഷിച്ച തീപ്പെട്ടി ഉപയോഗിച്ചാണ് ഇയാള്‍ ട്രെയിനില്‍ തീവെച്ചിരിക്കുന്നതെന്നും ഐജി പറഞ്ഞു. എലത്തൂർ തീവെപ്പ് കേസുമായി ഇതിന് ബന്ധമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുകയാണെന്നും ഐജി പറഞ്ഞു.